തിരുവനന്തപുരം: എഐ കാമറ സ്ഥാപിച്ച് ഒരു മാസത്തിനുള്ളിൽ 20,42, 542 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഇതിൽ 7,41,766 എണ്ണം മാത്രമാണു കെൽട്രോണിന് ഇതുവരെ നടപടിക്രമം പൂർത്തിയാക്കാൻ കഴിഞ്ഞുള്ളുവെന്നും ഗതാഗതമന്ത്രി ആന്റണി രാജു. ഇതിൽ എൻഐസിയുടെ സോഫ്റ്റ് വെയർ 1,67,794 എണ്ണത്തിന് പിഴയടക്കാനുള്ള നടപടിക്രമം പൂർത്തിയാക്കി.
1,28,740 നിയമലംഘകർക്ക് മൊബൈൽ ചെലാൻ നോട്ടീസ് അയച്ചു. തപാൽ വഴി 1,04,063 പേർക്കു പിഴ നോട്ടീസ് അയച്ചു.കൂടുതൽ ജീവനക്കാരെ നിയമിച്ചു നിയമലംഘനങ്ങൾക്കുള്ള നടപടിക്രമം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ചതായി മന്ത്രി അറിയിച്ചു. പിഴത്തുക ഇനത്തിൽ 7.94 കോടി രൂപയാണു പിരിഞ്ഞു കിട്ടേണ്ടത്. ഇതിൽ 81.78 ലക്ഷം രൂപ പിരിഞ്ഞു കിട്ടി.
ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് കൂടുതൽ പേർക്കു പിഴ ഈടാക്കിയത്. മുന്നിലും പിന്നിലും മൂന്നു പേരുമായി 2.14 ലക്ഷം പേരാണ് നിയമ ലംഘനം നടത്തിയത്. 73,887 പേരാണ് മുൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചത്.ഇതിൽ തിരുവനന്തപുരമാണു മുന്നിൽ. 19,482 പേർ തിരുവനന്തപുരത്തു നിയമലംഘനം നടത്തി. ഡ്രൈവർ സീറ്റിൽ സീറ്റ് ബെൽറ്റ് ഇടാതെ 49,775 പേരും മുന്നിലെ ഇടതുവശത്തു സീറ്റ് ബെൽറ്റ് ഇല്ലാതെ 57,032 പേരും യാത്ര ചെയ്തു. സീറ്റ് ബെൽറ്റ് ഇടാത്ത യാത്രയിൽ മലപ്പുറമാണു മുന്നിൽ. 1746 പേർ മൊബൈൽ ഫോണ് ഉപയോഗത്തിന് പിടിക്കപ്പെട്ടു.