സംസ്ഥാനത്ത് റോഡ് അപകടമരണനിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി
തിരുവനന്തപുരം: എഐ കാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഇതുവരെ ചെലാൻ അയച്ചത് 10,457 പേർക്ക്. കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് രാവിലെ എട്ടു മുതൽ ജൂണ്‍ എട്ട് രാത്രി 12 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്.
ഈ നാലു ദിവസങ്ങളിൽ 3,52,730 നിയമലംഘനങ്ങളാണ് എഐ കാമറ കണ്ടെത്തിയത്. ഇതിൽ 80,743 എണ്ണം കെൽട്രോണ്‍ വെരിഫൈ ചെയ്യുകയും 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് 10,457 ചെല്ലാനുകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച് അയച്ചത്. ഹെവി വാഹനങ്ങൾക്ക് നിയമപ്രകാരം സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും ഇപ്പോൾ അത്തരം നിയമലംഘനങ്ങൾ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് വെരിഫൈ ചെയ്യുമ്പോൾ നിയമലംഘനങ്ങളിൽ എണ്ണം കുറയുന്നത്.
കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് ആറ്, മൊബൈൽ ഫോണ്‍ ഉപയോഗം 25, അമിതവേഗത രണ്ട് എന്നിങ്ങനെയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ.
എഐ കാമറ സ്ഥാപിച്ചതിനുശേഷം സംസ്ഥാനത്ത് റോഡ് അപകടമരണനിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാൽ കാമറ സ്ഥാപിച്ചതിനുശേഷം അഞ്ച് മുതൽ എട്ട് വരെയായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.