കൊച്ചി : എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിന് ആദ്യ ഗഡുവായി 11.79 കോടി രൂപ നൽകാൻ സർക്കാരിന് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻബെഞ്ച്.
കാമറയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എഐ കാമറ ഇടപാടിലെ അഴിമതി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പദ്ധതി നടപ്പാക്കാന്‍ കരാര്‍ ലഭിച്ച കെല്‍ട്രോണിന്റെ യോഗ്യത സംബന്ധിച്ച് അന്വേഷിക്കണം, പദ്ധതിക്ക് സര്‍ക്കാര്‍ നല്കിയ ഭരണാനുമതി റദ്ദാക്കണം തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍. ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും എഐ കാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ആശിഷ്.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ആദ്യ ഗഡു കെല്‍ട്രോണിന് നല്കാന് അനുമതി നല്‍കുകയായിരുന്നു.