മലപ്പുറം : ആലപ്പുഴ മറ്റപ്പള്ളിയിലെ മലയിടിച്ചുള്ള മണ്ണെടുപ്പിനെതിരെ കൃഷിമന്ത്രി പി പ്രസാദ്. കോടതി ഉത്തരവിന്റെ ബലത്തില്‍ പ്രദേശത്ത് പ്രതിസന്ധി ഉണ്ടാക്കാരാനാണ് കരാറുകാരന് ശ്രമിക്കുന്നത്. ഇത്തരമൊരു വിഷയം ഉണ്ടാക്കാന്‍ ആരുടെയെങ്കിലും ഉപദേശം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകാമെന്ന് കണക്കുകൂട്ടുന്നു. തഹസില്‍ദാര്‍ സ്ഥലത്തു ചെന്ന് സര്‍വകക്ഷിയോഗ തീരുമാനപ്രകാരം മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോണ്ട്രാക്ടര് അതിന് തയ്യാറായില്ല. കരാറുകാരന് ജനങ്ങളോട് ഒരു യുദ്ധപ്രഖ്യാപനത്തിനാണ് തയ്യാറാകുന്നതെന്നാണ് മനസ്സിലാക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെ കോടതിയെ ബോധ്യപ്പെടുത്തി നിയമത്തിന്റെ പിന്‍ബലത്തോടെ തന്നെ മറ്റപ്പള്ളി മലയെ സംരക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഏകപക്ഷീയമായ മണ്ണെടുപ്പ് അംഗീകരിക്കാനാകില്ല.
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് പ്രോസീജിയർ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിന് സ്ഥലത്തു പോയി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് കരാറുകാരന് പെട്ടെന്ന് സര്‍വകക്ഷി തീരുമാനം ലംഘിച്ചത്. കോടതി ഉത്തരവു പ്രകാരമാണ് നടപടികള്‍. അതിനാല്‍ നിരോധന ഉത്തരവിന് നിയമപരമായ തടസ്സമുണ്ട്. ജനങ്ങളുടെ എതിര്‍പ്പ് അടക്കം എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.
മറ്റപ്പള്ളിയില്‍ കുന്നിടിച്ച് മണ്ണെടുക്കല്‍ വീണ്ടും തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നു. സര്‍വകക്ഷിയോഗ തീരുമാനം തള്ളിയാണ് പുലര്‍ച്ചെ മുതല്‍ വീണ്ടും മണ്ണെടുക്കല്‍ തുടങ്ങിയത്. അഞ്ചോളം ലോറികള്‍ മണ്ണുമായി പോയി. ഇതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മണ്ണെടുപ്പിനെത്തിയ ലോറികള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. സമരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സമരത്തിലുണ്ട്.
പ്രതിഷേധം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരന് കൂടിയായ റാന്നി എംഎല്‍എ പ്രമോദ് നാരായണനെതിരെയും പ്രതിഷേധമുണ്ടായി. റാന്നി എംഎല്‍എ എന്തുകൊണ്ട് ഇതുവരെ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും, ഇടപെട്ടില്ലെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു. ഇതിന് പിന്നാലെ പ്രമോദ് നാരായണന് എംഎല്‍എയും നാട്ടുകാരോടൊപ്പം പ്രതിഷേധത്തില്‍ അണിചേര്‍ന്നു. സര്‍വകക്ഷിയോഗത്തിലെ തീരുമാനം കരാറുകാരന് മാനിച്ചില്ലെന്നും അതിനാല്‍ എത്ര വലിയ സമരത്തിലേക്ക് പോകാനും മടിക്കില്ലെന്ന് സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു പറഞ്ഞു.
എന്നാല്‍ സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്നാണ് കരാറുകാരന് പറയുന്നത്. കുന്നിടിക്കലില്‍ നിന്നും പിന്നോട്ടില്ലെന്നും കരാറുകാരന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. മറ്റപ്പിള്ളി കുന്നിടിച്ച് ദേശായപാത നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിന് ഹൈക്കോടതി അനുമതി നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് മണ്ണെടുപ്പില്‍ നിന്നും പിന്നോട്ടു പോകുന്ന പ്രശ്നമില്ലെന്നുമാണ് കരാറുകാരന് വ്യക്തമാക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവംബര്‍ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.