ലഖ്നൗ : ബലാത്സംഗശ്രമത്തിനിടെ ആറുവയസുകാരിയെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. തുടര്‍ന്ന് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പ്രതി മുഖം കല്ലുകൊണ്ട് അടിച്ച് വികൃതമാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട് 43കാരനായ വാച്ച്മാനെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വാച്ച്മാനായ രാജ് വീര്‍ സിങ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ചെറുത്തതോടെ വയലിലെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഡിസംബര്‍ 31ന് ആഗ്രയിലെ എത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതയതിന് പിന്നാലെ തിരച്ചില്‍ നടത്താന്‍ ഗ്രാമവാസികള്‍ക്കൊപ്പം ഇയാളും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ അവസാനമായി പെണ്‍കുട്ടിയെ കണ്ടത് ഇയാളെന്ന് മനസിലായതോടെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി രാജ്വീര് പൊലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടി ഒച്ചവച്ചതോടെ ആ ശ്രമം പരാജയപ്പെട്ടതോടെ വയലിലെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നതായും തിരിച്ചറിയാതിരിക്കാനായി മുഖം കല്ലുകൊണ്ട് അടിച്ച് വികൃതമാക്കുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.