ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പട ശക്തിപ്രാപിക്കുകയാണ്. ഉപമുഖ്യമന്ത്രി കേശബ് പ്രസാദ് മൗര്യയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭുപേന്ദ്രചൗധരിയും യോഗി അദിത്യനാഥിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ ശക്തമായ തിരിച്ചടിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണെന്ന് തന്നെയാണ് ഇരുവരും നരേന്ദ്രമോദിയെയും അമിത്ഷായും അറിയിച്ചിരിക്കുന്നത്. കേശബ് പ്രസാദ് മൗര്യയും ഭൂപേന്ദ്ര ചൗധരിയും മോദിയെയും ഷായെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയും നേരിട്ടു കണ്ടിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപിയിലും സര്‍ക്കാരിലും ഉടന്‍ തന്നെ അഴിച്ചുപണി വേണമെന്നാണ് ഇരുവരും നേതാക്കളോട് പറഞ്ഞത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം രാജിവക്കാന്‍ താന്‍ സന്നദ്ധനാണെന്ന് സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി കേന്ദ്ര നേതൃത്വത്തോട് വ്യക്തമാക്കി.
യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തു ചാടിക്കാനുള്ള മോദി- ഷാ സഖ്യത്തിന്റെ അടവാണ് ഈ കലാപമെന്ന് ബിജെപിക്കുള്ളില്‍ പലരും കരുതുന്നു. 2027 ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പു വരികയാണ്. ആ തെരഞ്ഞെടുപ്പിന് മുമ്പ് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കളയാനുള്ള കളിയാണ് മോദിയും അമിത് ഷായും നടത്തുന്നതെന്നാണ് സൂചന. കാരണം 2027 ലെ തെരഞ്ഞെടുപ്പില്‍ യോഗി വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായാല്‍ 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കുപകരം യോഗി എന്ന മുദ്രാവാക്യമുയരും. ഇതോടെ മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷാ കളത്തിനുപുറത്താകും. ഇത് മനസിലാക്കി ഒരു മുഴം മുമ്പെ എറിയാനുള്ള ശ്രമമാണ് മോദിയും ഷായും നടത്തുന്നത്.
ആര്‍എസ്എസിന് അമിത്ഷായോട് താല്‍പ്പര്യമില്ല. എന്നാല്‍ ഗുജറാത്ത് കലാപകാലത്തും അതിന് ശേഷമുള്ള വലിയ പ്രതിസന്ധിക്കാലത്തും തനിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന അമിത്ഷായെ കൈവിടാന്‍ താന്‍ ഒരിക്കലും ഒരുക്കമല്ലന്ന സന്ദേശമാണ് മോദി നല്‍കുന്നത്. ഇതോടെ ആര്‍എസ്എസുമായി ഏറ്റുമുട്ടലിന്റെ വക്കത്തെത്തുകയും ആര്‍എസ്എസിന്റെ സഹായം തങ്ങള്‍ക്ക് വേണ്ടാ എന്ന് തെരഞ്ഞെടുപ്പിന് മുമ്പെ തന്നെ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെപിനദ്ദയെക്കൊണ്ട് മോദി പറയിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ആര്എസുഎസുമായുള്ള ബിജെപിയു .ടെ
ബന്ധം വഷളാക്കിയിരുന്നു. ബിജെപിക്ക് മുകളില്‍ പിടിമുറുക്കുക എന്ന മോദിയുടെ ലക്ഷ്യം ഇടറിപ്പോയത് ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയോടെയാണ്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് പിണഞ്ഞ തോല്‍വിയാണ് കേവല ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ യോഗി ആദിത്യനാഥിന്റെ തലയില്‍ കെട്ടിവയ്ക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുളള കൊട്ടാര വിപ്ളവത്തിന് പിന്നില്‍.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും മുഖ്യമന്ത്രിയായ ആദിത്യനാഥിനെ അടുപ്പിക്കാന്‍ മോദി തയ്യാറായിരുന്നില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ പോളിംഗ് ശതമാനം വലിയ തോതില്‍ ഇടിഞ്ഞപ്പോള്‍ മാത്രമാണ് യോഗിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ മോദി തീരുമാനിച്ചത്.
ഉത്തര്‍പ്രദേശില്‍ പിന്നോക്ക സമുദായങ്ങളുടെ വോട്ടുകള്‍ ബിജെപിക്ക് കാര്യമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഠാക്കൂര്‍ സമുദായക്കാരനായ യോഗി ആദിത്യനാഥിനെ യാദവരും ജാട്ടുകളും ദളിതരും വിശ്വസിക്കുന്നില്ലെന്നാണ് ബിജെപി കണ്ടെത്തിയിരിക്കുന്നത്. ഉപമുഖ്യമന്ത്രി കേശബ് പ്രസാദ് മൗര്യ ഒബിസി വിഭാഗക്കാരനാണ്. ബിജെപി സംസ്ഥാന അധ്യക്ഷനായും ഒരു ഒബിസി വിഭാഗക്കാരന് പരമാവധി യാദവന് തന്നെ വേണമെന്നാണ് മോദിയുടെ മനസിലിരിപ്പ്. മധ്യപ്രദേശില്‍ ഒബിസി പൊളിറ്റിക്സ് വിജയിച്ചതുകൊണ്ടാണ് അവിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് ബിജെപി കരുതുന്നു.
പാര്‍ട്ടിക്കുള്ളില്‍ പുനസംഘടനയുണ്ടായി സംസ്ഥാന അധ്യക്ഷന്‍ മാറിയാല്‍ കൂടെ മുഖ്യമന്ത്രിയും മാറണമെന്ന ആവശ്യം വരുമെന്ന് മോദിക്കും ഷാക്കുമറിയാം. അതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അവര്‍ സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത്.
കെജ്രിവാള് പറഞ്ഞ പോലെ 2029 ല്‍ അമിത്ഷാക്ക് ഒരു എതിരാളി ബിജെപിയില്‍ നിന്നുമുണ്ടാകാന്‍ പാടില്ലന്ന് മോദിക്ക് നിര്‍ബന്ധമാണ്. അതിനായുളള കളികള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു.