ന്യൂഡൽഹി : നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ വീഡിയോയാണ് എഡിറ്റ് ചെയ്ത് ആലിയയുടേതായി പ്രചരിപ്പിച്ചത്. നിരന്തരമായി നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത് വലിയ തോതിൽ ആശങ്കയുയർത്തുന്നുണ്ട്.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് ബോളിവുഡ് താരം കജോളിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്തിറങ്ങിയിരുന്നു. കജോൾ വസ്ത്രം മാറുന്നതായുള്ള എഡിറ്റഡ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയതോടെയാണ് ഈ വിഷയം ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഡലായ യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് രശ്മികയുടെ മുഖവുമായി പ്രചരിപ്പിക്കുകയായിരുന്നു. വിഷയത്തിൽ പ്രതികരിച്ച് അമിതാബ് ബച്ചനടക്കമുള്ള താരങ്ങളും കേന്ദ്ര മന്ത്രിമാരും രംഗത്തുവന്നിരുന്നു. കത്രീന കൈഫിന്റെ ടൈഗർ 3 ചിത്രത്തിലെ സംഘട്ടന രംഗവും ഡീപ് ഫേക്ക് ചെയ്ത് പുറത്തുവന്നിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറയുടെ ചിത്രവും ഇത്തരത്തിൽ പുറത്തുവന്നിരുന്നു.
സംഭവങ്ങളെത്തുടർന്ന് ഡീപ് ഫേക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. 1 ലക്ഷം വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഡീപ് ഫേക്ക് കണ്ടന്റുകൾക്കെതിരെ നടപടിയെടുക്കാൻ സാമൂഹ്യമാധ്യമങ്ങൾക്ക് 7 ദിവസത്തെ സമയവും നൽകിയിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ആശങ്കയുയർത്തിക്കൊണ്ട് ആലിയ ഭട്ടിന്റെ ഡീപ് ഫേക്കും പുറത്തിറങ്ങിയത്.