ന്യൂഡല്‍ഹി : വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എന്‍-2, എന്‍-3 ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ കാബിനുകളില്‍ 2025 ഒക്ടോബര്‍ ഒന്നുമുതല്‍ എ സി നിര്‍ബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 2025 ഒക്ടോബര്‍ ഒന്നിനുശേഷം നിര്‍മിക്കുന്ന എല്ലാ എന്‍-2, എന്‍-3 ട്രക്കുകളിലും ക്യാബിന് എസി ഘടിപ്പിച്ച് പരിശോധന പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിക്കുന്നു.
ഇതു സംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ജൂലായിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയത്. 2025 ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്നായിരുന്നു വിജ്ഞാപനം. ആദ്യം എതിര്‍പ്പുയര്‍ന്നെങ്കിലും പിന്നീട് കടുത്ത ചൂടിലും ജോലി ചെയ്യാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുമെന്ന് കണ്ടാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.
രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം.