ലൊസാനെ : ഒളിന്പിക്സിൽ വീണ്ടും ക്രിക്കറ്റ് മത്സരങ്ങൾക്ക് കളമൊരുങ്ങുന്നു. 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിലാണ് ക്രിക്കറ്റിനെ മത്സരയിനമാകുക. അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
ട്വന്റി-20 ഫോര്‍മാറ്റില്‍ പുരുഷ – വനിതാ മത്സരങ്ങള്‍ നടക്കും. ക്രിക്കറ്റിനൊപ്പം ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ എന്നീ കായികയിനങ്ങളും ഒളിന്പിക്സിൽ ഉൾപ്പെടുത്തും. ഞായാറാഴ്ച മുംബൈയില്‍ തുടങ്ങുന്ന ഇന്റര്‍നാഷണല്‍ ഒളിന്പിക്സ് കമ്മിറ്റിയുടെ ഔദ്യോഗിക സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
1900ലെ പാരീസ് ഒളിന്പിക്സിൽ ക്രിക്കറ്റ് ഒരു മത്സര ഇനമായിരുന്നു. രണ്ട് ദിവസങ്ങളിലായി നാല് ഇന്നിംഗ്സുകൾ ഉള്ള ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലെയാണ് ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. രണ്ട് രാജ്യങ്ങൾ മാത്രമാണ് അന്ന് പങ്കെടുത്തത്. ഗ്രേറ്റ് ബ്രിട്ടൻ ആതിഥേയരായ ഫ്രാൻസിനെ തോൽപ്പിച്ച് സ്വർണ മെഡൽ നേടി.