ചെന്നൈ: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി അഫ്ഗാനിസ്ഥാൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ മുന്നോട്ടുവച്ച 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു. ഏകദിന ലോകകപ്പിൽ ആദ്യമായിട്ടാണ് അഫ്ഗാൻ പാകിസ്ഥാനെ തോൽപ്പിക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരെയും അഫ്ഗാൻ അട്ടിമറി വിജയം നേടിയിരുന്നു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. ക്യാപ്റ്റൻ ബാബർ അസമും (74), ഓപ്പണർ അബ്ദുള്ള ഷഫീഖും (58) അർധ സെഞ്ചറി നേടി. മധ്യനിരയിൽ ഇഫ്തിഖർ അഹമ്മദ് (40), ശതാബ് ഖാന് (40) എന്നിവരും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. ഭേദപ്പെട്ട തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. 17 റണ്‍സ് എടുത്ത ഇമാം ഉള് ഹഖിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും അബ്ദുല്ല ഷഫീക്കും ക്യാപ്റ്റന്‍ ബാബർ അസമും ചേര്‍ന്ന് ഉണ്ടാക്കിയ മികച്ച കൂട്ടുകെട്ട് പാകിസ്ഥാന് സഹായകമായി. മുഹമ്മദ് റിസ്വാന് എട്ടുറണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. സൗദ് ഷക്കീലും 25 റൺസ് നേടി പുറത്തായി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാൻ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റഹ്മത്തുള്ള(65), ഇബ്രാഹിം(87), റഹ്മത്ത് ഷാ(77) എന്നിവർ അർധ സെഞ്ച്വറി നേടി. ഹഷ്മത്തുള്ള ഷാഹിദി 48 റൺസും നേടി. മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത ചുരുങ്ങി.