ന്യൂഡല്‍ഹി: 2023 ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് വേദിയായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്ഥാന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയം നേടി. 69 റണ്‍സിന്റെ ജയമാണ് അഫ്ഗാന് സ്വന്തമാക്കിയത്. മുജീബ് റഹ്മാനാണ് മത്സരത്തിലെ താരം.
അഫ്ഗാന് ഉയര്‍ത്തിയ 285 റണ്‍സ് വിജയ ലക്ഷ്യത്തില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് ഓള്‍ഔട്ടായി. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് അഫ്ഗാന് ജയമൊരുക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയത്. പക്ഷേ താരത്തിന് പിന്തുണ നല്കാന് മറ്റ് ഇംഗ്ലീഷ് താരങ്ങള്‍ക്കായില്ല. 61 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 66 റണ്‍സെടുത്ത ബ്രൂകാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
തുടക്കം തന്നെ ഇംഗ്ലണ്ടിന് പിഴച്ചു. രണ്ടാം ഓവറില്‍ ജോണി ബെയര്‍സ്റ്റോ (2) പുറത്ത്. പിന്നാലെ ജോ റൂട്ടിനെ മടക്കി മുജീബ് റഹ്മാന്റെ അടുത്ത പ്രഹരം. 17 പന്തില്‍ നിന്ന് 11 റണ്‍സിനാണ് റൂട്ട് നേടിയത്. 39 പന്തില്‍ നിന്ന് 32 റണ്‍സുമായി മുന്നേറുകയായിരുന്ന മാലനെ ഇബ്രാഹിം സാദ്രാന്‍ പറഞ്ഞു വിട്ടു. പിന്നാലെ ക്യാപ്റ്റന്‍ ജോസ് ബട്ലറും (9) പുറത്തായതോടെ ഇംഗ്ലണ്ട് വിയര്‍ത്തു. ഏറ്റവും അവസാനം ആദില്‍ റഷീദും (20), മാര്‍ക്ക് വുഡും (18) പിടിച്ചുനിന്നെങ്കിലും രക്ഷയായില്ല.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മുജീബ് റഹ്മാനും റാഷിദ് ഖാനും അഫ്ഗാനായി തിളങ്ങി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഒരു പന്ത് ബാക്കിനില്‍ക്കേ 284 റണ്‍സിന് ഓള് ഔട്ടാകുകയായിരുന്നു. ലോകകപ്പില്‍ അഫ്ഗാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 2019 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 288 റണ്‍സാണ് ഒന്നാമത്. 57 പന്തില്‍ നിന്നായി 80 റണ്‍സ് നേടിയ റഹ്മാനുള്ള ഗുര്‍ബാസും 66 പന്തില്‍ 58 റണ്‍സ് നേടിയ ഇക്രം അലിഖിലുമാണ് അഫ്ഗാന്റെ ബാറ്റിംഗിന് തിളക്കം വര്‍ധിപ്പിച്ചത്.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ തന്നെ അഫ്ഗാന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. ആറ് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 50 റണ്‍സ് നേടിയ അഫ്ഗാന് 14ാം ഓവര്‍ കഴിഞ്ഞപ്പോള്‍ സ്കോര്‍ നില 100 ലേക്ക് ഉയര്‍ത്തി. ഗുര്‍ബാസിന്റെ റണ്‍സ് വേട്ടയിലാണ് അഫ്ഗാന് 150 എന്ന സ്കോറിലേക്ക് ഉയരാനായത്. എന്നാല്‍ 57 പന്തില്‍ 80 റണ്‍സ് നേടി ഗുര്‍ബാസ് ഔട്ടായത് അഫ്ഗാനെ ക്ഷീണിപ്പിച്ചെങ്കിലും അലിഖിലും റാഷിദ് ഖാനും മുജീപ് ഉര് റഹ്മാനും അഫ്ഗാനെ 284 ന്നെ സ്കോറിലേക്ക് പിടിച്ചുയര്‍ത്തി.