കൊച്ചി : കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരു രാജ്യാന്തര ഫുട്ബോൾ മത്സരത്തിനു വേദിയാകാൻ സാധ്യത തെളിയുന്നു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിലൊന്ന് കൊച്ചിയിൽ നടന്നേക്കുമെന്നാണ് സൂചനകൾ. കേരളത്തിന് ഒരു മത്സരമെങ്കിലും അനുവദിക്കണമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് (എഐഎഫ്എഫ്) അഭ്യർഥിച്ചിരുന്നു. ഇതു സംബന്ധിച്ച് അടുത്തയാഴ്ച തീരുമാനമുണ്ടാകും. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) യോഗ്യതാ ഘട്ടത്തിലെ രണ്ടാം റൗണ്ടിൽ ഖത്തർ, കുവൈത്ത് ടീമുകൾ ഉൾപ്പെടുന്ന ‘എ’ ഗ്രൂപ്പിലാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനോ മംഗോളിയയോ ആകും ഗ്രൂപ്പിലെ 4 –ാം ടീം. ആദ്യ 2 സ്ഥാനങ്ങളിൽ എത്തുന്നവർ 3 –ാം റൗണ്ടിൽ കടക്കും. നവംബറിലാണ് ഇന്ത്യയിലെ വിവിധ വേദികളിൽ യോഗ്യതാ മത്സരങ്ങൾ നടക്കുക. കൊച്ചിയും കൊൽക്കത്തയും പോലെ ഫുട്ബോൾ ആരാധകർ ഇരമ്പുന്ന സ്റ്റേഡിയങ്ങൾക്ക് എഐഎഫ്എഫ് മുൻഗണന നൽകാനാണു സാധ്യത.