തിരുവനന്തപുരം: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ മുഴുവൻ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് കേരളത്തിൽ ആദ്യ സംഭവം. ഒരു കേസില്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ വധശിക്ഷ ലഭിക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണ നേരിട്ട 15 പ്രതികള്‍ക്കും പരമാവധി ശിക്ഷ വിധിച്ചത്.
വധശിക്ഷ ലഭിക്കുന്ന പ്രതികളുടെ എണ്ണത്തില്‍, രഞ്ജിത്ത് വധക്കേസ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നാലാം സ്ഥാനത്താണ്. 2008 ലെ അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസാണ് കൂടുതല്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചതില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. ഈ കേസില്‍ 38 പ്രതികളെയാണ് വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസാണ് കൂട്ടത്തോടെ തൂക്കുകയര്‍ ലഭിച്ച പ്രതികളുടെ എണ്ണത്തില്‍ രണ്ടാമത്. 26 പ്രതികളെയാണ് ടാഡ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2010 ലെ ബിഹാര്‍ ദലിത് കൂട്ടക്കൊലയാണ് വധശിക്ഷ ലഭിച്ച പ്രതികളുടെ എണ്ണത്തില്‍ മൂന്നാമത്. 16 പേര്‍ക്കാണ് ഈ കേസില്‍ തൂക്കുകയര്‍ വിധിച്ചത്.