കോഴിക്കോട്: സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും. ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാർഥി ചർച്ചകളിൽ മുൻതൂക്കം.മുൻ മന്ത്രിയും ലീഗ് എം.എൽ.എയുമായിരുന്ന യു.എ ബീരാന്റെ മകനായ ഹാരിസ് പൗരത്വ പ്രക്ഷോഭ കേസും സിദ്ധീഖ് കാപ്പന്റെയും അബ്ദുൾനാസർ മദനിയുടെയും ജാമ്യവും അടക്കമുള്ള നിരവധി പ്രമാദമായ കേസുകളിൽ സുപ്രീംകോടതിയിൽ തിളങ്ങിയ അഭിഭാഷകനാണ്.
പി.എം.എ സലാമിന്റെ പേരും അവസാന ചർച്ചകളിലുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കുകയും ചെയ്തു.യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിന്റെ പേരും പരിഗണിക്കുന്നുണ്ട്. അതേസമയം, ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.