റിലീസായി അഞ്ചാം ദിനം ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസിനൊപ്പം കൃതി സനോനും സെയ്ഫ് അലിഖാനും അഭിനയിച്ച ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വിനയായത്. രാമായണത്തിന്റെ ‘വികലമായ’ ചിത്രീകരണമാണെന്ന് ആരോപിച്ച് ആദിപുരുഷിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു.
ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് കമന്റുകൾ ബോക്സ് ഓഫീസ് കളക്ഷനെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച വിവിധ ഭാഷകളിൽ നിന്നായി രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് കളക്ഷൻ ഇനത്തിൽ കിട്ടിയത് 10.8 കോടി രൂപയാണ്. റിലീസ് ദിനത്തിൽ 140 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ചത്തെ കളക്ഷൻ 100 കോടിയും. തിങ്കളാഴ്ചവരെ ചിത്രത്തിന് ആഗോളതലത്തിൽ 375 കോടി രൂപ ഗ്രോസ് കളക്ഷൻ ലഭിച്ചുവെന്നാണ് നിർമാണ കമ്പനിയായ ടി-സീരീസ് അവകാശപ്പെടുന്നത്.
രാമായണത്തെയും അതിലെ കഥാപാത്രങ്ങളെയും വളച്ചൊടിച്ചെന്നാരോപിച്ച് സിനിമയുടെ റിലീസിനെ എതിർത്ത് ഒരുവിഭാഗം തെരുവിലിറങ്ങി പ്രതിഷേധം ഉയർത്തിയിരുന്നു. രാമായണത്തിന്റെ ഓൺ-സ്ക്രീൻ അഡാപ്റ്റേഷനാണ് ആദിപുരുഷ്, രാമനായി പ്രഭാസും സീതയായി കൃതി സനോനും രാവണനായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.ആദി പുരുഷ് സിനിമയുടെ തിയേറ്റർ, ഒടിടി റിലീസ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.