നിരവധി തവണ റിലീസ് മാറ്റിവച്ചതിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് നാളെ പ്രദർശനത്തിനെത്തും . ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. ഓം റാവത്ത് ആണ് സംവിധാനം. കൃതി സനോൺ നായികയായി എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു.
ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട ഇരിപ്പിടത്തിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് . ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ എല്ലാ തീയേറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വിഗ്രഹമോ റിസർവ് ചെയ്ത സീറ്റിൽ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ സിനിമ കാണാൻ എത്തുന്നവർക്ക് പൂക്കൾ അർപ്പിക്കാനുള്ള അവസരവും ഉണ്ടാകുമെന്നാണ് വിവരം. ഹനുമാന് ചിത്രം കാണാന്‍ തിയറ്ററുകളിൽ വരും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാന് രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും എന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.