കൊല്ലം : കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആദ്യ ഹീറോ സഹോദരനാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആണ്‍കുട്ടിയാണ് ആദ്യഘട്ടത്തില്‍ ചെറുത്തുനിന്നതെന്നും എഡിജിപി വ്യക്തമാക്കി.സഹോദരിയെ തട്ടിക്കൊണ്ടു പോകുന്നതു പരമാവധി തടയാനും വൈകിപ്പിക്കാനും സഹോദരന്റെ ഇടപെടല്‍ കാരണമായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പ്രതികള്‍ തന്നെ മൊഴി നല്‍കിയിട്ടുമുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
‘സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാന്‍ പരമാവധി കുട്ടി ശ്രമിച്ചു. പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു. കുട്ടി നന്നായി പോരാടി. ആ പയ്യനാണ് ആദ്യത്തെ ഹിറോ. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെണ്‍കുട്ടി കൃത്യമായ വിവരണം നല്കി. മൂന്നാമത്തെ ഹീറോസ് പോര്‍ട്രെയ്റ്റ് വരച്ചവരാണ്. വളരെ കൃത്യതയോടെ കുട്ടി വിവരിച്ചതും വളരെ കൃത്യതയോടെ പോര്‍ട്രെയ്റ്റ് വരയ്ക്കാന്‍ സാധിച്ചതും കേസ് അന്വേഷണത്തില്‍ സഹായകരമായി’എഡിജിപി വിവരിച്ചു.
കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്ന് അജിത് കുമാര്‍ പറഞ്ഞു. ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവില്‍നിന്നാണു കേസ് തെളിയിക്കാനായതെന്നും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.