കൊല്ലം : ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ ബുദ്ധികേന്ദ്രം അനിത കുമാരിയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍. അത്യാവശ്യമായി പത്തുലക്ഷം രൂപയുടെ ആവശ്യമുണ്ടായതിന് പിന്നാലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
പത്മകുമാറിനും ഭാര്യയ്ക്കും ഏകദേശം ആറ് കോടിയുടെ ആസ്തിയുണ്ട്. ഇതില്‍ പല ആസ്തികളും പണയത്തിലാണ്. കടബാധ്യത ഇതിന്റെ താഴെ മാത്രമാണ് ഉള്ളത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനോ മറ്റോ ഒരു സഹായവും പുറത്ത് നിന്ന് ലഭിച്ചിട്ടില്ല. ഇതുവരെ ഇവരില്‍ ആര്‍ക്കും ഒരു ക്രിമിനല്‍ പശ്ചാത്തലമില്ല. നാലുദിവസമായി ലഭിച്ച ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം അംഗീകരിക്കുകയായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവില്‍നിന്നാണു കേസ് തെളിയിക്കാനായതെന്നും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി വിവരിച്ചു.’ചാത്തന്നൂരിലെ പത്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പത്മകുമാര്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. കേബിള്‍ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവര്‍ഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു’ – അജിത് കുമാര്‍ പറഞ്ഞു.
‘പിടിയാലാകുമെന്ന് ഉറപ്പായതോടെ കുട്ടിയെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അനിതാ കുമാരിക്ക് ആശ്രാമം മൈതാനവും പരിസരവും നന്നായി അറിയുകയും ചെയ്യാം. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ അവിടെ കൊണ്ടുവരികുയം കുട്ടിയെ കൊണ്ടുവരികയും അശ്വതി ബാറിന്റെ സമീപത്ത് ഉപേക്ഷിക്കുകയുമായിരുന്നു. അച്ഛന് ഇവിടെയെത്തുമെന്ന് പറഞ്ഞാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിക്ക് മറ്റൊരു അപകടവും ഉണ്ടാവരുതെന്ന് തിരിച്ചറിഞ്ഞ് അതുവഴി പോയ കോളജ് കുട്ടികള്‍ കുട്ടിയെ കണ്ടെന്ന് ഉറപ്പായ ശേഷമാണ് അനിത കമാരി മറ്റൊരു ഓട്ടോറിക്ഷയില്‍ അവിടെ നിന്ന് പോയത്. പിന്നീട് ഭര്‍ത്താവും അനിതകുമാരിയും മകളും തിരിച്ച് വീട്ടിലെത്തിയ ശേഷം അവിടെ നില്ക്കുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ശേഷം തെങ്കാശിയിലേക്ക് പോയി. അവിടെ ഇയാള്‍ നേരത്തെ കൃഷി ചെയ്തിരുന്നു. അവിടെയുളള സുഹൃത്തിനെ കാണുന്നതിന്റെ ഭാഗമായി തെങ്കാശിയില്‍ മുറിയെടുക്കുകയായിരുന്നു’ – എഡിജിപി പറഞ്ഞു.