തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഡി ജി പി ഷേഖ് ദർവേഷ് സാഹിബിന് കത്തയച്ച് എ ഡി ജി പി അജിത് കുമാർ. കേസ് അന്വേഷിക്കുന്ന ഐ ജിയും ഡി ഐ ജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും, ഡി ജി പിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്താൽ മതിയെന്നുമാണ് കത്തിലുള്ളത്. ഒരു മാദ്ധ്യമമാണ് കത്ത് പുറത്തുവിട്ടത്.
അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും അഭ്യന്തര വകുപ്പിനുമെതിരെ പി വി അൻവർ എം എൽ എ കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്ത് നൽകിയിരുന്നു. പി ശശി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നെന്നാണ് അൻവറിന്റെ ആരോപണം. ഇതിനെക്കുറിച്ച് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി, കസ്റ്റഡി മരണം, വ്യാജമായി മയക്കുമരുന്ന് കേസുണ്ടാക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ നേരിടുന്ന എസ് പി സുജിത്ത്ദാസിനെ ഇന്നലെ രാത്രി സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്യാൻ ഡി ജി പി നേരത്തെ ശുപാർശ നൽകിയിരുന്നെങ്കിലും അന്ന് മുഖ്യമന്ത്രി അത് നിരസിക്കുകയായിരുന്നു.
കള്ളക്കടത്ത് സ്വർണം ഉരുക്കിമാറ്റി കോടികളുണ്ടാക്കിയെന്നും സ്വർണക്കേസുകളിലെ പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നതുമടക്കം ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് അടിയന്തര നടപടി.പത്തനംതിട്ട എസ് പി സ്ഥാനത്ത് നിന്ന് തിങ്കളാഴ്ച സുജിത്തിനെ മാറ്റിയിരുന്നു. എന്നാൽ നിയമനം നൽകിയിരുന്നില്ല.