തിരുവനന്തപുരം: ആർഎസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദാംശങ്ങൾ തേടിയപ്പോഴാണ് സമ്മതിച്ചത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് അജിത് കുമാർ വിശദീകരിച്ചത്. ആർഎസ്എസ് നേതാവിൻ്റെ കാറിലാണ് എഡിജിപി എത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
ദത്താത്രേയ തൃശൂരിൽ താമസിച്ച നക്ഷത്രഹോട്ടലിൽ എഡിജിപി എം.ആർ.അജിത്കുമാർ എത്തിയിരുന്നതായി അടുത്തദിവസം തന്നെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്എസിന്റെ സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ മലയാളിക്കൊപ്പമാണ് 2023 മെയ് 22ന് എഡിജിപി സന്ദർശിച്ചതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്കിൽ എവിടെയെല്ലാം പോയെന്നു രേഖപ്പെടുത്തും. അതൊഴിവാക്കാൻ ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്ര. പകരം വിജ്ഞാനഭാരതി ഭാരവാഹി വന്ന കാറിലാണ് എഡിജിപി പോയത്.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെങ്കിൽ തുടർനടപടിയുമുണ്ടാകില്ല. തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനായി എഡിജിപി എം.ആർ.അജിത്കുമാർ പൂരം കലക്കിയെന്ന് പി.വി.അൻവർ എംഎൽഎ ആരോപിച്ചിരുന്നു. എഡിജിപി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
2023 മെയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ നടന്ന ആർഎസ്എസ് ക്യാംപിൽ വച്ച് അജിത്കുമാർ ചർച്ച നടത്തിയെന്നായിരുന്നു വിഡി സതീശന്റെ വെളിപ്പെടുത്തൽ. അജിത്കുമാർ ഔദ്യോഗിക വാഹനം നിർത്തിയിട്ട ഹോട്ടലിന്റെ പേരുൾപ്പെടെ സതീശൻ പുറത്തുവിട്ടിരുന്നു.