മുംബൈ : മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേടുകളെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമായ ദി വയറാണ് കണക്കിലെ പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോള്‍ ചെയ്തതിനെക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയെന്നാണ് ആരോപണം. മഹാരാഷ്ട്രയില്‍ വോട്ടിങ് ശതമാനം 66.05 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.
288 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 64,088,195 പേര് വോട്ട് ചെയ്തപ്പോള്‍ എണ്ണിയത് 64,592,508 വോട്ടുകളാണ്. പോള്‍ ചെയ്തതിനെക്കാല്‍ 5,04,313 വോട്ടുകള്‍ അധികം എണ്ണിയെന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 200 മണ്ഡലങ്ങളില്‍ അധികമായും എട്ട് മണ്ഡലങ്ങളില്‍ കുറവായുമാണ് വോട്ടുകള്‍ എണ്ണിയതെന്നാണ് ആരോപണം.
പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ എണ്ണപ്പെട്ട അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകള്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആരോപിച്ചിരുന്നു.