തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്കാന് കമ്മീഷണറുടെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ അക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഗണ്മാന് കെ അനിലിന്റെയും എസ്കോര്‍ട്ട് ഉദ്യോഗസ്ഥന് സന്ദീപിന്റെയും വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കമ്മീഷണറുടേതാണ് ഉത്തരവ്.
ഗണ്മാന് കെ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് ഉള്‍പ്പടെയുള്ള നാലുപേരാണ് ഇന്നലെ ആലപ്പുഴയില്‍ വച്ച് മുഖ്യമന്ത്രിയെ വഴിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാരുടെ ഫോട്ടോ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം കമ്മീഷണര്‍ക്ക് ലഭിച്ചിട്ടുള്ളത്.
ഗണ്‍മാന്റെയും എസ്കോര്‍ട്ട് പൊലീസുകാരന്റെയും വീടുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും പ്രതിഷേധവും ആക്രമണവും നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീടുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.