മുംബൈ : ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്. ഇതിനെ തുടര്‍ന്ന് ഓഹരി വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെയാണ് ഇടിഞ്ഞത്.
ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 220 പോയിന്റ് നഷ്ടത്തോടെ 23,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ഇന്ത്യയില്‍ സൗരോര്‍ജ്ജ കരാറുകള്‍ ഉറപ്പാക്കാന്‍ 2,100 കോടി രൂപയുടെ കൈക്കൂലി ഇടപാടില്‍ പങ്കാളിയായി എന്നാണ് ഗൗതം അദാനിക്കെതിരായ ആരോപണം. ഗൗതം അദാനിക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിനാല്‍ അദാനി ഗ്രൂപ്പ് വീണ്ടും അമേരിക്കയില്‍ അന്വേഷണം നേരിടുകയാണ്.
ഇന്‍ഫോസിസ്, എച്ച്സിഎല്‍, ടിസിഎസ്, പവര്‍ഗ്രിഡ് കോര്പ്പറേഷന്, ഹിന്‍ഡാല്‍കോ എന്നി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എസ്ബിഐ, എന്‍ടിപിസി, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.