ന്യൂഡൽഹി: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയെ പ്രകീർത്തിച്ച് ഗൗതം അദാനി. സത്യം വിജയിച്ചു എന്നാണ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അദാനി പ്രതികരിച്ചത്. “ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി കാണിക്കുന്നത് ഇതാണ്: സത്യം ജയിച്ചു. സത്യമേവ ജയതേ. ഞങ്ങൾക്കൊപ്പം നിന്നവരോട് ഞാൻ നന്ദിയുള്ളവനാണ്. ഇന്ത്യയുടെ വളർച്ചാ കഥയിൽ ഞങ്ങളുടെ എളിയ സംഭാവനകൾ തുടരും. ജയ് ഹിന്ദ്’- അദാനി കുറിച്ചു.
ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് ഒരു തെളിവായി കണക്കാക്കാൻ കഴിയില്ലെന്നും മൂന്നാംകക്ഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി മൂന്നുമാസത്തിനകം സെബി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി അറിയിച്ചു.
വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെബി അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡിവൈചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നു വിധി പറയാൻ മാറ്റിയിരുന്നു.