ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പ്രസ്താവനയുമായി അദാനി ഗ്രൂപ്പും രംഗത്ത്. ലോക്സഭയിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.
കമ്പനിയേയും ചെയർമാൻ ഗൗതം അദാനിയെ വ്യക്തിപരമായും അപകീർത്തിപ്പെടുത്താനും സൽപ്പേര് കളങ്കപ്പെടുത്താനും ചില വ്യക്തികളും ഗ്രൂപ്പുകളും അധിക സമയം ജോലി ചെയ്യുന്നുവെന്ന തങ്ങളുടെ നേരത്തെയുള്ള ആരോപണം ശരിവയ്ക്കുന്നതാണെന്നു കമ്പനി വ്യക്തമാക്കുന്നു. 2018 മുതൽ ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നുവെന്നു ഇപ്പോൾ വ്യക്തമാകുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസമാണ് മഹുവയ്ക്കെതിരെ രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്നു എംപി കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. മഹുവക്കെതിരെ നിഷികാന്ത് ദുബെ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് പരാതി നല്‍കിയിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദെഹ്ദ്രോയി സിബിഐയിലും പരാതി നൽകിയിട്ടുണ്ട്.
പിന്നാലെ മറ്റൊരു ആരോപണവുമായും ദുബെ രംഗത്തെത്തി. ലോക്സഭാ വെബ്സൈറ്റിന്റെ ലോഗിൻ ഐഡിയും പാസ്വേർഡും അടക്കം ഹിരാനന്ദാനിയ്ക്കു എംപി നൽകിയോ എന്നു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, സഹ മന്ത്രി രാജീവ് ചന്ദ്രശേഖരനും ദുബെ കത്ത് നൽകി.