കൊച്ചി: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിലൂടെ ശ്രദ്ധാകേന്ദ്രമായ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ ഇന്നലെ ഉന്നയിച്ച ആരോപണത്തിന് തെളിവുമായി നടി റോഷ്ന ആൺ റോയ്. അങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്ന് പ്രതികരിച്ച യദുവിനുള്ള മറുപടിയായി ബസിന്റെ ഫോട്ടോയും സംഭവം നടന്ന സമയവും അടക്കമുള്ള തെളിവുകളാണ് റോഷ്ന ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
കുന്നംകുളം ഭാഗത്ത് വെച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നും റോഷ്ന ആന്‍ റോയ് ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നടുറോട്ടില്‍ വണ്ടി നിര്‍ത്തി യദു മോശമായി സംസാരിച്ചെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും സംസാരത്തിലുണ്ടായിരുന്നില്ലെന്നും റോഷ്ന പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി ഓർമ്മയില്ലെന്നാണ് യദു റിപ്പോർട്ടർ ടിവിയോട് ഇന്നലെ പറഞ്ഞത്. അതിനുള്ള മറുപടിയാണ് റോഷ്നയുടെ ഇന്നത്തെ പോസ്റ്റ്.
കഴിഞ്ഞ വർഷം നടന്ന സംഭവമായതിനാൽ തന്നെ തീയതി കൃത്യമായി ഓർമ്മ ഇല്ലായിരുന്നു. സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് സംഭവം ഉണ്ടായത്. എന്നാൽ വീണ്ടും ചിത്രം പരിശോധിച്ചപ്പോൾ തീയതി ലഭിച്ചു. 2023 ജൂൺ 19 നാണ് സംഭവം നടക്കുന്നത്. മുതുവറ എന്ന സ്ഥലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത് എന്നും റോഷ്ന റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മേയർ വിഷയവുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ചതെന്നും നടി പറഞ്ഞു. ആരോപണം വിവാദമായതോടെ റോഷ്ന സിപിഎം പ്രവത്തകയായതുകൊണ്ട് ഉന്നയിക്കുന്ന ആരോപണമാണെന്നും സരിത 2 ആണെന്നും പറഞ്ഞ് യദു അധിക്ഷേപിച്ചെന്നും നടി പറഞ്ഞു. തൻ ഒരു പാർട്ടിയുടെയും പ്രതിനിധി അല്ലെന്നും തിരഞ്ഞെടുപ്പിൽ വോട്ട് പോലും ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു.