ഹൈദരാബാദ് : വിദ്വേഷ പ്രസംഗത്തില്‍ നടി കസ്തൂരിയെ ജുഡീഷൽ കസ്റ്റഡിയില്‍ വിട്ടു. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. നവംബര്‍ 29 വരെയാണ് നടിയെ ജുഡീഷൽ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഇവരെ ശനിയാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു.
കച്ചിബൗളിയിൽ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയർന്നിരുന്നു.
തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം പൊതുപരിപാടിയിൽ സംസാരിച്ചതിനു പോലീസ് കേസെടുത്തതിനു പിന്നാലെയാണ് കസ്തൂരി കോടതിയെ സമീപിച്ചത്.
വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഹർജി തള്ളിയതോടെ, ഒളിവിൽ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി രണ്ട് പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചിരുന്നു.