ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. പാര്‍ട്ടിയുമായുള്ള 25 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. തന്നെ ചതിച്ചയാളെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. പാർട്ടി നേതൃത്വത്തിന് അയച്ച രാജിക്കത്തും താരം പങ്കുവച്ചു.
‘ഇന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ സങ്കല്പ്പിക്കാന് കഴിയാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണയില്ല. എന്നാല്‍, അവരില്‍ പലരും എന്റെ വിശ്വാസത്തെ വഞ്ചിക്കുകയും സമ്പാദ്യം കവര്‍ന്നെടുക്കയും ചെയ്ത വ്യക്തിയെ സജീവമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി’.- ഗൗതമി പറഞ്ഞു.
തന്റെ മാതാപിതാക്കൾ മരിച്ച ശേഷം അളഗപ്പൻ എന്ന ബിജെപി നേതാവ് തന്റെ പിതാവിന്റെ സ്ഥാനത്ത് ഒപ്പമുണ്ടായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള വലിയൊരു ഭൂമി വില്ക്കാൻ ഇയാളെ ഏൽപിച്ചു. പക്ഷേ അടുത്തിടെയാണ് ഈ ഇടപാടിൽ ഇയാൾ കോടികൾ തട്ടിയെടുത്തെന്ന് മനസിലാക്കിയത്.തുടർന്ന് ഇയാൾക്കെതിരേ പോലീസിൽ പരാതി നല്കി. കഴിഞ്ഞ 40 ദിവസമായി അളഗപ്പൻ ഒളിവിലാണ്. ഇയാൾക്ക് ബിജെപിയുടെ മുതിർന്ന നേതാക്കൾ പിന്തുണ നല്‍കുന്നുവെന്നും ഗൗതമി ആരോപിക്കുന്നു.
ചെറുപ്പം മുതൽ ബിജെപിക്കൊപ്പമുണ്ടായിരുന്ന തന്നെ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിന്റെ ചുമതല ഗൗതമി ഏറ്റെടുത്തിരുന്നു. ഇവിടെ സീറ്റ് നല്‍കുമെന്ന വാഗ്ദാനം പാർട്ടി പാലിച്ചില്ലെന്നും നടി കുറ്റപ്പെടുത്തി.