കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജിയില്‍ വിധി നാളെ. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് വിധി പറയുക.
തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോയോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഹാഷ് വാല്യൂ മാറിയതിന് പിന്നിൽ ആരാണെന്ന് അറിയാൻ അന്വേഷണം നടത്തണമെന്നും അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ റദ്ദാക്കണമോ എന്നതാണ് ഹൈക്കോടതി പരിശോധിക്കുന്നത്. പരാമര്‍ശങ്ങള്‍ മാത്രം നീക്കിയാല്‍ പോരെന്നും കീഴ്ക്കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്.
പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു കീഴ്ക്കോടതിയുടെ നിരീക്ഷണം. ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലെ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി . ദിലീപിന്റെ വാദം ഹൈക്കോടതി വ്യാഴാഴ്ച കേള്‍ക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.