കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം വാദം ഇന്ന് ആരംഭിക്കും. പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഡിസംബർ 11നാണ് എറണാകുളം സെഷൻസ് കോടതിയിൽ അന്തിമഘട്ട വിചാരണ നടപടികൾ തുടങ്ങിയത്. ഒരു മാസത്തിലേറെ സമയമെടുത്താണ് പ്രോസിക്യൂഷൻ വാദം അവസാനിച്ചത്.
ഇനി പ്രതിഭാഗം വാദം പൂർത്തിയായ ശേഷം കേസ് വിധി പറയാൻ മാറ്റും. ഇതിനിടെ കേസ് തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് നടി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. തുടർന്ന് 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതിഭാഗം വാദം ഒരു മാസത്തിനകം പൂർത്തിയായാൽ ഫെബ്രുവരി അവസാനത്തോടെ കേസിൽ വിധി ഉണ്ടായേക്കും. കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എട്ടാം പ്രതിയാണ് നടന് ദിലീപ്.
അതേസമയം, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് ആവശ്യം.
പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നതിനാല്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമാണ് പള്‍സര്‍ സുനിയുടെ വാദം. ഈ ആവശ്യം നേരത്തെ ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.