മുംബൈ : മറാത്തി നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. മുംബൈയിലെ കണ്ഡിവാലിയിൽ വച്ചായിരുന്നു അപകടം. നടിയ്ക്കും കാർ ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റു. പൊയ്സർ മെട്രോ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് മെട്രോ തൊഴിലാളികളെ ഇടിക്കുകയായിരുന്നു.
ഒരാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതു കൊണ്ടാണ് നടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഊർമിള ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ദുനിയാദാരി, ശുഭ്മംഗൾ സാവ്ധാൻ, തി സത്യ കേ കർത്തേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഊർമിള. നടനും സംവിധായകനുമായ അദിനാഥ് കോത്താരെയാണ് ഊർമിളയുടെ ഭർത്താവ്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ സമത നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.