ന്യൂഡൽഹി : പീഡനക്കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വനിതാ ജഡ്ജി അടങ്ങിയ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും, സതീഷ് ചന്ദ്ര ശർമ്മയും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിൽ 62ാമത്തെ കേസാണ്.
സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും, സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറും, അതിജീവിതയ്ക്കായി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറുമാണ് ഹാജരാകുന്നത്.2016ൽ നടന്നുവെന്ന് പറയുന്ന പീഡനത്തിൽ എട്ടുവർഷത്തിനു ശേഷം 2024ലാണ് എഫ്.ഐ.ആർ രജിസ്റ്രർ ചെയ്തത് തുടങ്ങിയ വാദമുഖങ്ങളാണ് സിദ്ദിഖ് ഉന്നയിക്കുന്നത്. സാക്ഷികളുടെ വിശ്വാസ്യതയെയും ചോദ്യംചെയ്യുന്നു. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കും. ശേഖരിച്ച തെളിവുകൾ ആവശ്യമെങ്കിൽ സുപ്രീംകോടതിക്ക് കൈമാറും.