തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവ നടിക്കെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നു.
പല സമയങ്ങളിൽ പല ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. 2018ൽ താൻ മോശമായ വാക്കുകൾ പ്രയോഗിച്ചുവെന്നാണ് ഇവർ പറയുന്നത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കൾക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാൻ അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികമായി ഉപദ്രവിച്ചിട്ടുമില്ല.
തനിക്കെതിരെ മാത്രമല്ല, മറ്റ് 14പേർക്കെതിരെ ഈ വ്യക്തി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചു. ഈ വ്യക്തിക്ക് വ്യക്തമായ അജണ്ടയുണ്ട്. തനിക്കെതിരെ മാത്രമല്ല, ‘അമ്മ’യുടെ അന്തസ് തകർക്കുന്ന ആരോപണമാണ് അവർ ഉന്നയിക്കുന്നത്. ജനശ്രദ്ധ പിടിച്ചുപറ്റാനാണ് അവരുടെ ശ്രമം. താൻ മാത്രമല്ല മറ്റ് വ്യക്തികളും അവരുടെ ഇരയായിട്ടുണ്ട്. ഈ ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തു കൊണ്ടുവരേണ്ടതുണ്ട്. അതിനായി വേണ്ട നടപടി എടുക്കണമെന്നും സിദ്ദിഖിന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയായിരുന്നു രാജി. നിലവിൽ ഊട്ടിയിലാണെന്നും കേരളത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജി സംബന്ധിച്ച കാര്യത്തിൽ പ്രതികരിക്കാമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.
കഴിഞ്ഞ ദിവസം ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് മോഡൽ കൂടിയായ നടി ആരോപണങ്ങൾ ഉന്നയിച്ചത്. 2016ൽ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ. തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ്ബുക്കിൽ 2019ൽ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിട്ടു. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്.
നിള തിയേറ്ററിൽ ‘സുഖമായിരിക്കട്ടേ” എന്ന സിനിമാ പ്രിവ്യൂവിന് ക്ഷണിച്ചുവരുത്തിയ ശേഷമാണ് മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ക്രിമിനലാണ് ഇയാൾ. പലരോടും ഇക്കാര്യം പറഞ്ഞതിന് എന്റെ സിനിമാ സ്വപ്നങ്ങളെ ഇല്ലാതാക്കി. ആരും എന്നെ വിശ്വസിച്ചില്ല, ഒപ്പം നിന്നില്ല. മാതാപിതാക്കളുടെ പിന്തുണയായിരുന്നു ശക്തി. ഇപ്പോഴും ആ ദുരനുഭവത്തിൽ നിന്ന് മുക്തയായിട്ടില്ലെന്നും നടി പറഞ്ഞു.