ചെന്നൈ : ഗസ്സയ്ക്കുമേലുള്ള ഇസ്രായേൽ ആക്രമണങ്ങളെ ന്യായീകരിക്കുന്നവരെ വിമർശിച്ച് നടൻ സിദ്ധാർത്ഥ്. ഒരു അധിനിവേശ സംവിധാനത്തിന്റെ പ്രതിരോധ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നത് അസംബന്ധമാണ്. അവരുടെ യുദ്ധക്കുറ്റങ്ങളെ നിസ്സാരവൽക്കരിക്കുന്നത് അധാർമികമാണെന്നും നടൻ പറഞ്ഞു.
ശിവസേന എം.പി പ്രിയങ്ക ചതുർവേദിയുടെ പോസ്റ്റിനു മറുപടിയായായിരുന്നു താരത്തിന്റെ പ്രതികരണം. ഇസ്രായേലിനെതിരെ ഒരു പ്രകോപനവുമില്ലാതെ ഹമാസ് ആക്രമണത്തിനു പോയത് അപലപനീയമാണെന്നായിരുന്നു പ്രിയങ്ക ‘എക്സി’ൽ കുറിച്ചത്. അക്രമം പരിഹാരമല്ല, പക്ഷെ, ക്രൂരമായൊരു അധിനിവേശത്തെ ‘സംഘർഷം’ എന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു.
ഒരു കുടിയേറ്റ-കൊളോനിയൽ സ്ഥാപനത്തിന്റെ ‘പ്രതിരോധ അവകാശ’ത്തിനു വേണ്ടി വാദിക്കുന്നത് അസംബന്ധമാണ്. അവരുടെ ഭീകരമായ യുദ്ധക്കുറ്റങ്ങളെ ‘ഒരു പ്രകോപനവുമില്ലാത്ത സംഘർഷം’ എന്നു പറഞ്ഞു നിസ്സാരവൽക്കരിക്കുന്നത് അധാർമികവുമാണെന്നും നടൻ കൂട്ടിച്ചേർത്തു.
ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷത്തിന് അക്രമം പരിഹാരമല്ല എന്നതാണു ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നായിരുന്നു പ്രിയങ്ക ‘എക്സി’ൽ കുറിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന ആക്രമണം അപലപനീയമാണ്. ഈ സംഘർഷത്തോട് പ്രതികരിക്കാനും സ്വയം പ്രതിരോധിക്കാനും ഇസ്രായേലിന് അവകാശമുണ്ടെന്നും ദുരന്തപൂർണമായ പ്രത്യാഘാതങ്ങളിലേക്കായിരിക്കും ഇത് ചെന്നെത്തുകയെന്നുമായിരുന്നു പ്രിയങ്ക ചതുർവേദി കുറിച്ചത്.
ശനിയാഴ്ച ഹമാസിന്റെ ഖസ്സാം ബ്രിഗേഡ് ആണ് ഇസ്രായേലിനെ ഞെട്ടിച്ച് അനധികൃത കുടിയേറ്റ പ്രദേശങ്ങളിൽ മിന്നലാക്രമണം നടത്തിയത്. പിന്നാലെ ഗസ്സയ്ക്കുനേരെ ഇസ്രായേൽ വ്യോമാക്രമണത്തിനും തുടക്കമിട്ടിരിക്കുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ 400ഓളം ഫലസ്തീനികളും ഹമാസ് ആക്രമണത്തിൽ 600ലേറെ ഇസ്രായേലികളും കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം.