കൊച്ചി : തനിക്കെതിരെയുള്ള ലഹരിക്കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നീക്കവുമായി നടൻ ഷൈൻ ടോം ചാക്കോ. ഇക്കാര്യത്തിൽ ഷൈൻ ടോം ചാക്കോ നിയമോപദേശം തേടി. തനിക്ക് പങ്കില്ലാത്ത കേസിൽ തന്നെ പ്രതിയാക്കിയെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ആലോചന. കേസിൽ പോലീസ് കുടുക്കുകയായിരുന്നു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു.
അതേസമയം നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാൽ കൂടുതൽ വകുപ്പ് ചുമത്തും. ഷൈനോട് കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷൻ സെന്ററിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നും മറുപടി.
രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഗൂഗിൾ പേ വിവരങ്ങൾ പൂർണമായും ശേഖരിച്ചു കഴിഞ്ഞു. ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ് ആണെന്നും അവർക്ക് പണം നൽകുമെന്നും ഷൈൻ മൊഴിയിൽ പറയുന്നു. താൻ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞുയ. അതേസമയം ഷൈൻ ടോം ചാക്കോയുടെ മൊഴി പൊലീസ് വിശദമായി പരിശോധിക്കും.