കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന് സലിം കുമാര്‍. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാണെന്നും റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സലിം കുമാറിന്റെ കുറിപ്പ്
മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.
ഒരു വിശ്വാസത്തെയും വ്രണപ്പെടുത്തുന്ന പരാമർശം താൻ നടത്തിയിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. അതുപോലെ ശാസ്ത്രബോധം വളർത്തണമെന്നും ഭരണഘടന പറയുന്നുണ്ട്. ഭരണഘടനയിൽ പറയുന്നത് മാത്രമാണ് താനും പറഞ്ഞതെന്നും ഷംസീർ വ്യക്തമാക്കിയിരുന്നു. എറണാകുളം കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദപ്രസംഗം. മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.