കൊച്ചി: മലയാള ചലച്ചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്നലെ രാത്രി എട്ടിന് കൊല്ലം ചിന്നക്കടയിലൂടെ കാറിൽ സഞ്ചരിക്കവേ, ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തോടെ മരിച്ചു. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം കൊല്ലം ബെൻസിഗർ ആശുപത്രി മോർച്ചറിയിൽ.
1979-ൽ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. വ്യത്യസ്ഥമായ മുഖഭാവത്തോടെ വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടനാണ് ജോണി. കിരീടം, സ്ഫടികം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി. ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ ആണ് അവസാന ചിത്രം. തമിഴിലും കന്നഡത്തിലും തെലുങ്കിലുമൊക്കെ മികച്ച വേഷങ്ങൾ ചെയ്ത താരം കൂടിയായിരുന്നു അദ്ദേഹം. പിതാവ് ജോസഫ് കുറ്റിപ്പുറം, അമ്മ കാതറിൻ കുറ്റിപ്പുറം. കൊല്ലം ഫാത്തിമ കോളേജ്, എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർഗവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐ.പി.എസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സാഗരം സാക്ഷി, ആനവാൽ മോതിരം, ചെങ്കോൽ, നാടോടിക്കാറ്റ്, ഗോഡ്ഫാദർ തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വാഴ്കൈ ചക്രം, നാഡിഗൻ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ഫാത്തിമ മാത കോളേജിലെ ഹിന്ദി അദ്ധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. മക്കൾ: ആസ്റ്റജ് ജോണി, ഹാഷിമ ജോണി.