ടെലിവിഷൻ ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷക മനസിൽ ഇടം നേടിയത്. സ്റ്റേജ് പ്രോഗ്രാമുകൾ സുധിയെ ജന മനസുകളിലേക്ക് കൂടുതൽ അടുപ്പിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ ഒറ്റ സീനിൽ തന്നെ സുധി തന്റെ അഭിനയ കയ്യൊപ്പ് ചാർത്തി. കേശു ഈ വീടിന്റെ നാഥൻ ,കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, എസ്കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും സുധിയുടെ വേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു.
സുധിയുടെ മരണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം അറിയിച്ചു . കൊല്ലം സുധിയുടെ അകാലവിയോഗത്തിൽ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുൻനിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു.അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്നും കൊല്ലം സുധിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.