തൃശൂര്‍ : നെഞ്ചിൽ വലിയ ഭാരം തോന്നുന്നു…ആശുപത്രിയിൽ എത്തിച്ച ഉടനെ കൊല്ലം സുധി മെഡിക്കൽ സംഘത്തോട് പറഞ്ഞത് ഇങ്ങനെമാത്രം. പിന്നീട് സ്കാനിങ്ങ് ഉൾപ്പെടെ നടത്തി. ഇതിനിടെയാണ് മരണം.നടന് കൊല്ലം സുധിയുടെ ആകസ്മിക വേര്‍പാടിന്റെ ആഘാതത്തിലാണ് സിനിമ-സീരിയല്‍ ലോകം.
കാറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് നിഗമനം. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടമുണ്ടാകുമ്പോൾ കൊല്ലം സുധി വാഹനത്തിന്റെ മുൻസീറ്റിലാണ് ഇരുന്നിരുന്നത്. എയര്‍ബാഗ് മുറിച്ചാണ് സുധിയെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തില്‍പ്പെട്ടത് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ത്തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വടകരയില്‍നിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും വടകരയിലെത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂര്‍ത്തിയായത്.
തുടര്‍ന്ന് രാത്രി തന്നെ അവിടെനിന്ന് മടങ്ങുകയായിരുന്നു. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒരാഴ്ച മുൻപ് ലോറിക്കു പിന്നിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ്, തൃശൂർ ജില്ലയിലെ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നിൽ നടൻ കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം സംഭവിച്ചിരിക്കുന്നത്. അന്ന് ടാങ്കർ ലോറിയുടെ ഡ്രൈവർ അപകടത്തിൽ മരിച്ചിരുന്നു.