കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ചലച്ചിത്ര താരം കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ ആണ് മരണവിവരം പുറത്തുവിട്ടത്.
1993-ൽ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ ഖാൻ, തമിഴ്, മലയാളം, കന്നഡ ചിത്രങ്ങളിലെ സ്ഥിരം വില്ലനായിരുന്നു.മോഹൻലാൽ നായകനായ “ഗാന്ധർവ’ത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ ഖാനെ പ്രശസ്തനാക്കിയത് മമ്മൂട്ടി – ഷാജി കൈലാസ് ടീമിന്റെ “ദ കിംഗ്’ എന്ന ചിത്രത്തിലെ വിക്രം ഖോർപഡെ എന്ന ബോംബെ വില്ലന്റെ വേഷമാണ്.
തിളങ്ങുന്ന കണ്ണുകളും ഹിന്ദി ചുവ നിറഞ്ഞ സംസാരവുമായി എത്തിയ ഖാനെ പിന്നീട് തുടർച്ചയായി പ്രതിനായക വേഷങ്ങൾ തേടിയെത്തി. സിഐഡി മൂസയിലെ കോൺട്രാക്ട് കില്ലർ വേഷം ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്.ദിലീപ് എന്ന നായകനടൻ സൂപ്പർതാര പദവിക്ക് തൊട്ടടുത്ത വരെ എത്തിയ കാലഘട്ടത്തിലെ പല ചിത്രങ്ങളിലും ഖാന്റെ സാന്നിധ്യം അവിഭാജ്യഘടകമായിരുന്നു. വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന് മര്യാദരാമന്, ലൈല ഓ ലൈല തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് മലയാള ചിത്രങ്ങൾ.