തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിക്കുന്നു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.
ഇന്ന് തന്റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സത്യം ചെരിപ്പ് ധരിക്കുന്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.