കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ ലൈംഗികാതിക്രമ ആരോപണ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന് ജയസൂര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളില്‍ ഉള്‍പ്പടെ വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു. വിദേശത്തായതിനാല്‍ എഫ്ഐആര്‍ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഓണ്‍ലൈനായി എഫ്ഐആര്‍ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബര്‍ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് ജയസൂര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.
സംഭവത്തില്‍ നടി പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവം നടന്ന കൂത്താട്ടുകുളത്തെ പന്നിഫാമില്‍ നടിയെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. 2013ല്‍ ജയസൂര്യ നായകനായ ‘പിഗ്മാന്’ എന്ന സിനിമാ ചിത്രീകരണത്തിനിടെ പന്നിഫാമില്‍ വച്ച് ശുചിയിമുറിയില്‍ പോയിവരുംവഴി ജയസൂര്യ കടന്നുപിടിച്ചതെന്നാണ് നടി എഐജി പൂങ്കുഴലിക്ക് മൊഴി നല്‍കിയത്.