തിരുവനന്തപുരം: പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന തന്റെ പ്രസംഗത്തിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയർ വ്യാഴാഴ്ച ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം പറഞ്ഞത്. എന്നാൽ ഈ പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു താരം.
താൻ പറഞ്ഞതിൽ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നൽകിയത്. ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണം. ആൺകരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണെന്ന് അലൻസിയർ പറഞ്ഞു. ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തിൽ പുരുഷന്മാർക്ക് നീതികേടുണ്ട് . എന്തിനാണ് എല്ലാവർഷവും ഒരേ ശില്പം തന്നെ നൽകുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് അലൻസിയറിന്റെ വിശദീകരണം.
2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് അലൻസിയർ വിവാദപരാമർശം നടത്തിയത്.””നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും.” അലന്‍സിയറിന്റെ വാക്കുകൾ ഇങ്ങനെ.