കോട്ടയം: രാഷ്ട്രീയ രംഗത്ത് സജീവമാകാനില്ലെന്ന് വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി അച്ചു ഉമ്മൻ, സഹോദരൻ ചാണ്ടി ഉമ്മൻ എന്നിവരിൽ ആര് മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് അച്ചുവിന്റെ ഈ പ്രസ്താവന.
അപ്പയുടെ മരണം നടന്ന് ഇത്രയും പെട്ടെന്ന് ഇത്തരമൊരു ചർച്ചയിലേക്ക് കടക്കുന്നതിൽ വിഷമമുണ്ടെന്നും കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അച്ചു പറഞ്ഞു. ഞാൻ എന്നും അപ്പയുടെ തണലിലാണ് ജീവിച്ചിരുന്നത്. ഇനിയും ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന് മാത്രം അറിയപ്പെട്ട് തുടരാനാണ് താൽപര്യം. വിദേശത്ത് താമസിക്കുന്ന ആളാണ് താനെന്നും പൊതുരംഗത്തേക്ക് ഇറങ്ങണമെന്നത് വിദൂര സ്വപ്നത്തിൽ പോലുമില്ലാത്ത കാര്യമാണെന്നും അവർ അറിയിച്ചു.
സ്ഥാനാർഥി ആരാകണമെന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത്. ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ, വീട്ടിൽ അപ്പ കഴിഞ്ഞാലുള്ള ഏക രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കി.