ജയ്പുര്‍ : ബലാത്സംഗക്കേസ് കേസെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ മേവാരം ജെയിനിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി രാജസ്ഥാന് കോണ്‍ഗ്രസ്. മേവാരം ജെയിനടക്കം എട്ടുപേര്‍ക്കെതിരെയാണ് യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസ് എടുത്തത്.
മേവാരം ജെയിനിന്റെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര ഉത്തരവിറക്കി. ബാര്‍മറില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ മേവാരം ജെയിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ച് അച്ചടക്കലംഘനത്തിന്റെ വ്യക്തമായ സൂചനയും തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗോവിന്ദ് ദോതസ്ര ഉത്തരവില്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് ജെയിനിനും അടുത്ത സഹായികള്‍ക്കുമെതിരെ കൂട്ടബലാത്സംഗം ആരോപിച്ച് ജെയിനിനെതിരെ ഒരു യുവതി പരാതി സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് 2023 ഡിസംബറില്‍ ജെയ്നും അടുത്ത സഹായി രാംസ്വരൂപ് ആചാര്യ, രാജസ്ഥാന് പൊലീസ് ഉദ്യോഗസ്ഥന് ആനന്ദ് സിങ് രാജ്പുരോഹി എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. എംഎല്‍എ ആയിരുന്ന മേവാരം ജെയിന് സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചുവെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെയാണ് ഇവരെ പ്രതി ചേര്‍ത്ത് കേസെടുത്തത്.