ആലപ്പുഴ : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍ ഷമീറിനെയാണ് (35) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണ്‍ വഴി വീഡിയോ കോള്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഖത്തറില്‍ ജോലി ചെയ്തു വന്നിരുന്ന ഇയാളെ ഈ സംഭവത്തെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ കായംകുളം പൊലീസ് വിട്ടയച്ചു.
സംഭവം പുറത്തായതോടെ പ്രതി, അതിതാബാബുവിന് ക്ഷമാപണം നടത്തി വീഡിയോ അയച്ചുകൊടുത്തിരുന്നു. ഒരു പെണ്‍കുട്ടിക്കെതിരെയും ഇയാള്‍ ഇത്തരത്തില്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അരിതാ ബാബു വ്യക്തമാക്കിയിരുന്നു.