തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം തദ്ദേശ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം വോട്ട്. എല്‍ഡിഎഫിന് 33.45 ശതമാനവും എന്‍ഡിഎക്ക് 14.71 ശതമാനവും മറ്റുള്ളവര്‍ക്ക് 13.03 ശതമാനം വോട്ടുകളും ലഭിച്ചു. ഗ്രാമപഞ്ചായത്ത്, കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി എന്നിവയില്‍ മുന്നണികള്‍ക്ക് ലഭിച്ച വോട്ടിന്റെതാണ് ഈ കണക്ക്. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ച മുന്നണി സ്ഥാനാര്‍ഥികളെ സ്വതന്ത്രരുടെ പട്ടികയിലാണ് കമ്മീഷന് ചേര്‍ത്തിട്ടുള്ളത്.അതിനാല്‍ മുന്നണിക്ക് കിട്ടിയ വോട്ടുവിഹിതത്തില്‍ പാര്‍ട്ടി സ്വതന്ത്രരുടെ കണക്ക് ഉള്‍പ്പെട്ടിട്ടില്ല.
കമ്മീഷന്റെ കണക്കനുസരിച്ച് ഒന്നാം സ്ഥാനത്തുള്ള യുഡിഎഫിന് 82.37 ലക്ഷം വോട്ടുകളും രണ്ടാമതുള്ള എല്‍ഡിഎഫിന് 70.99 ലക്ഷവും എന്‍ഡിഎയ്ക്ക് 31. 21 ലക്ഷം വോട്ടുമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്ക് 27.65 ലക്ഷം വോട്ടുകള്‍ കിട്ടി. പോസ്റ്റല്‍ വോട്ട് അടക്കം ആകെ 2.18 കോടി വോട്ടാണ് ലഭിച്ചത്.
2020ല്‍ നേടിയതിനേക്കാള്‍ 3346 വാര്‍ഡുകള്‍ യുഡിഎഫ് നേടി. എല്‍ഡിഎഫിന് നഷ്ടമായത് 1117 വാര്‍ഡുകള്‍. എന്‍ഡിഎയ്ക്ക് 323 വാര്‍ഡുകള്‍ അധികം ലഭിച്ചു. 2020ല്‍ 21900 വാര്‍ഡുകള്‍ ആയിരുന്നത് വാര്‍ഡ് വിഭജനത്തിനു ശേഷം 23612 ആയി വര്‍ധിച്ചിരുന്നു. 23573 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവിടങ്ങളിലായി 8889 വാര്‍ഡുകളാണ് എല്‍ഡിഎഫിനു ലഭിച്ചത്. ഇതില്‍ സിപിഐഎമ്മിന് 7455, സിപിഐ- 1018, കേരളാ കോണ്‍ഗ്രസ് എം-246, രാഷ്ട്രീയ ജനതാദള്‍-63, ജനതാദള്‍ (എസ്)-44, എന്‍സിപി-25, കേരളാ കോണ്‍ഗ്രസ് (ബി)-15, ഇന്ത്യന്‍ നാഷണല്‍ ലീഗ്-9, കോണ്‍ഗ്രസ് എസ്-8, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് – 6 എന്നിങ്ങനെയാണ് സീറ്റ് നില.
2020ല്‍ സിപിഐഎമ്മിന് 8193 സീറ്റുകളും യുഡിഎഫിന് 7757ഉം ആയിരുന്നു. ഇത്തവണ യുഡിഎഫിന് ആകെ 11103 വാര്‍ഡുകളാണ് നേടാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിന് 7817 സീറ്റുകള്‍ ലഭിച്ചു. ലീഗിന് 2844 സീറ്റും കേരളാ കോണ്‍ഗ്രസ് – 332, ആര്‍എസ്പി – 57, കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-34, സിഎംപി-10, കേരളാ ഡമോക്രാറ്റിക് പാര്‍ട്ടി-8, ഫോര്‍വേഡ് ബ്ലോക്ക് – 1 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 1920 സീറ്റുകളിലാണ് വിജയം.