തൃശൂര്‍: സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം അച്ചടിച്ച സംഭവത്തില്‍ വിയോജിപ്പറിയിച്ച് അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്. താനറിയാതെയാണ് പരസ്യം നല്‍കിയതെന്ന് സച്ചിദാനന്ദന് പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അക്കാദമി 30 പുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ പുസ്തകങ്ങളുടെ പുറംചട്ടയിലാണ് സര്‍ക്കാര്‍ പരസ്യം അച്ചടിച്ച് വന്നത്.
എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രതിഷേധിച്ചതോടെയാണ് സച്ചിദാനന്ദന് എതിര്‍പ്പ് അറിയിച്ചത്.പരസ്യത്തെ പിന്തുണച്ച അക്കാദമി സെക്രട്ടറി സി.പി.അബൂബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് സച്ചിദാനന്ദന് വിയോജിപ്പ് രേഖപ്പെടുത്തിയത്. സര്‍ക്കാരുകള്‍ വീഴാനും പുസ്തകങ്ങള്‍ നില്‍ക്കാനും ഉള്ളതായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ അക്കാദമിക്ക് ബാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ എംബ്ലമാണ് വച്ചതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നുമാണ് സി.പി.അബബക്കറിന്റെ നിലപാട്. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം തനിക്കാണ്. ഒരു സാധാരണ ഭരണനടപടി എന്ന നിലയിലാണ് അത് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കവി അന്‍വര്‍ അലിയും നടപടിക്കെതിരെ രംഗത്തുവന്നു. പുസ്തകങ്ങളിലെ പരസ്യം വ്യക്തിപൂജയെന്ന് അന്‍വര്‍ വ്യക്തമാക്കി. പുസ്തകം പിന്‍വലിച്ച് പുറംകവര്‍ മാറ്റി പ്രിന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.