ഗോരഖ്പൂർ : ഗോരഖ് പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എബിവിപിക്കാർ തല്ലിച്ചതച്ചു. വൈസ് ചാൻസലർ രാജേഷ് സിംഗ്, രജിസ്ട്രാർ അജയ് സിംഗ് എന്നിവർക്ക് തലയ്ക്ക്പരിക്കേറ്റിട്ടുണ്ട്. കാമ്പസിന് പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകരും ഇവരെ മർദ്ദിച്ചുവെന്നാണ് വിവരം. ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നാല് എബിവിപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ 10 എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ചയാണ് ഒരു കൂട്ടം എബിവിപി പ്രവര്‍ത്തകരും കാമ്പസിന് പുറത്ത് നിന്നുള്ള ബിജെപിക്കാരും വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തത്. ഫീസ് വര്‍ധനയും മറ്റ് പ്രശ്നങ്ങളും ഉന്നയിച്ച് ഈ മാസം ആദ്യവാരംമുതല്‍ സര്‍വകലാശാലായിൽ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സമരക്കാരെ കാണാന്‍ സര്‍വകലാശാല അധികൃതര്‍ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണമായതെന്നാണ് നിഗമനം.വിസിയുടെ ചേംബറും അക്രമകാരികൾ തകർത്തു. വിസിയെയും രജിസ്ട്രാറെയും നിലത്തിട്ട് ചവിട്ടുന്നതിന്റെയും കുത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സംഘർഷം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിസംഘം ക്രൂരമായി മർദിച്ചു.