റിയാദ് : സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള 34 കോടി രൂപ (ഒന്നര കോടി റിയാല്‍) സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. ഇന്നലെ ഉച്ചയോടെയാണ് നാട്ടിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകിട്ടാണ് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന സത്യവാങ്മൂലവും റഹീമിന്റെ കുടുംബം ഇന്ന് രാവിലെ എംബസിയിൽ സമർപ്പിച്ചു.
കോടതിയുടെ പേരിലുള്ള സര്‍ട്ടിഫൈഡ് ചെക്ക് ഇന്ത്യന്‍ എംബസി റിയാദിലെ ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ച ഉടന്‍ തന്നെ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കും. തുടര്‍ന്നായിരിക്കും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതും മോചനത്തിനുള്ള ഉത്തരവിടുന്നതും. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്. ഡ്രൈവർ ജോലിക്കായാണ് അബ്ദുൽ റഹീം റിയാദിലെത്തുന്നത്. എന്നാൽ ഡ്രൈവിംഗിനൊപ്പം ചലനശേഷിയില്ലാത്ത അനസിൻ്റെ പരിചരണമായിരുന്നു റഹീമിൻ്റെ പ്രധാന ചുമതല. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.
അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ച് പോകണമെന്ന അനസിൻ്റെ ആവശ്യം നിരസിച്ചതിൻ്റെ പേരിൽ റഹീമുമായി വഴക്കായി. കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിൻ്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ അനസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.
ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.